ഭൂമിയുടെ 'തിരുമ്മലില്‍' ചന്ദ്രന് മെലിയുകയാണെന്ന് പഠനം
നാസയുടെ 'ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍' പേടകം നടത്തിയ നിരീക്ഷണങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.
ഗുരുത്വബലമുപയോഗിച്ച് ഭൂമി ചന്ദ്രനെ തിരുമ്മുകയാണെന്നും, അതിന്റെ ഫലമായി ചന്ദ്രന് മെലിഞ്ഞു വരികയാണെന്നും പുതിയൊരു പഠനം പറയുന്നു. നാസയുടെ 'ലൂണാര്‍ റിക്കനൈസണ്‍സ് ഓര്‍ബിറ്റര്‍' ( LRO ) പേടകം നടത്തിയ നിരീക്ഷണങ്ങളാണ് ഈ നിഗമനത്തിലേക്ക് ഗവേഷകരെ എത്തിച്ചത്.
ചന്ദ്രോപരിതലത്തിലെ ആയിരക്കണക്കിന് ചെറുഘടനകളുടെ ( faults ) ക്രമീകരണത്തെ ഗുരുത്വബലം സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. 10 കിലോമീറ്ററോളം നീളവും മീറ്ററുകള്‍ മാത്രം ഉയരവുമുള്ള ഘടനകളാണ് ചന്ദ്രോപരിതലത്തിലുള്ളത്.
എല്‍.ആര്.ഒ.യിലെ 'നാരോ ആംഗിള്‍ ക്യാമറ' ( NAC ) ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ 14 മലമടക്കുകള്‍ 2010 ല്‍ ഗവേഷകര്‍ തിരിച്ചറിയുകയുണ്ടായി ( 'lobate scarps' എന്നാണവ അറിയപ്പെടുന്നത്). അപ്പോളോ പനോരമിക് ക്യാമറയെടുത്ത ഫോട്ടോകളില്‍നിന്ന് നേരത്തെ ഇത്തരം 70 മലമടക്കുകള്‍ തിരിച്ചറിഞ്ഞിരുന്നു. ആ മലമടക്കുകളുടെ വിന്യാസം പരിഗണിച്ച ഗവേഷകര്‍, ചന്ദ്രന് ചുരുങ്ങുകയാണെന്ന നിഗമനത്തിലെത്തുകയായിരുന്നു.
ചൂടേറിയ ആന്തരഭാഗം തണുക്കുന്നതിന്റെ ഫലമായി ചുരുങ്ങുമ്പോഴാണ് ചന്ദ്രന്റെ ഉപരിതലത്തിലെ ചെറുഘടനകള് രൂപപ്പെടുന്നത്. ആ ചെറുഘടനകളുടെ ക്രമീകരണം വിശകലനം ചെയ്തപ്പോഴാണ്, ചന്ദ്രന്റെ മെലിച്ചിലിന് പിന്നില്‍ മറ്റൊരു പ്രതികൂടി ഉണ്ടെന്ന് മനസിലായത്. ഭൂമിയുടെ ഗുരുത്വബലമാണത്!
ചന്ദ്രോപരിതലത്തെ മുഴുവന്‍ 'തിരുമ്മല്‍' നടത്തുന്നത് പോലുള്ള സ്വാധീനമാണ് ഭൂമിയുടെ ഗുരുത്വബലം ചെലുത്തുന്നതെന്ന്, പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവ് തോമസ് വാട്ടേഴ്സ് പറയുന്നു. പുതിയ ലക്കം 'ജിയോളജി' ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
2009 ജൂണ്‍ 18 ന് വിക്ഷേപിച്ച എല്‍.ആര്.ഒ.പേടകം അതിലുള്ള ഏഴ് ഉപകരണങ്ങളുടെ സഹായത്തോടെ ചന്ദ്രനെക്കുറിച്ച് വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട് (ചിത്രം കടപ്പാട്: NASA/LRO ).